റിയാദ്: കേളി കുടുംബവേദിയുടെ "ജ്വാല അവാർഡ് 2026'ന്റെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച മെഗാ ഡ്രോയിംഗ് മത്സരം ശ്രദ്ധേയമായി. പ്രമുഖ വ്യാപാര ഗ്രൂപ്പായ അൽ വഫ ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ മലാസ് ഷോള ഷോപ്പിംഗ് മാളിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു.
റിയാദിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളിലെ കുട്ടികളുടെ സാന്നിധ്യവും വലിയ ജനപങ്കാളിത്തവും മികച്ച സംഘാടന മികവും പരിപാടിയെ ശ്രദ്ധേയമാക്കി. പ്രായത്തിന്റെ അടിസ്ഥാനത്തിൽ (4 - 6), (7 - 10), (11 - 15) എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചു.
ആദ്യ രണ്ട് വിഭാഗങ്ങളിലെ കുട്ടികൾക്ക് മുൻകൂട്ടി തയാറാക്കിയ ചിത്രങ്ങൾ നിറം നൽകാനായിരുന്നു അവസരം. മൂന്നാം വിഭാഗത്തിന് "ജീവിതത്തിൽ നഴ്സുമാരുടെ പ്രാധാന്യം' എന്ന തത്സമയ വിഷയത്തെ ആസ്പദമാക്കി ചിത്രം വരച്ച് നിറം നൽകുക എന്നതായിരുന്നു മത്സരം.
കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവും ചിത്രകല അധ്യാപികയുമായ വിജിലാ ബിജുവായിരുന്നു മത്സരത്തിന്റെ കോഓർഡിനേറ്റർ. അധ്യാപികയും ആർട്ടിസ്റ്റുമായ നൂറിയ, ആർട്ടിസ്റ്റുകളായ ദീപ്തി, അനുരാഗ് എന്നിവർ വിധികർത്താക്കളായി.
ഓരോ വിഭാഗത്തിലെയും വിജയികൾക്ക് കാഷ് പ്രൈസിനൊപ്പം സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. കാറ്റഗറി ഒന്നിൽ സജ സയ്യിദ് ഒന്നാം സ്ഥാനവും നിഥില പ്രകാശ് രണ്ടാം സ്ഥാനവും നിതിക്ഷ നന്ദകുമാർ മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി രണ്ടിൽ ഫാത്തിമ ഷെഹ്റോസ് ബക്ഷി ഒന്നാം സ്ഥാനവും ഇഫ്രാ തബസും രണ്ടാം സ്ഥാനവും ഫർനാസ് ഫാത്തിമ ഖാൻ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി മൂന്നിൽ റയാൻ അലി ഒന്നാം സ്ഥാനവും റിത്വിൻ റീജേഷ് രണ്ടാം സ്ഥാനവും ഫാത്തിമ ഹനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരസമയം രക്ഷിതക്കാൾക്കായി ഷുഹൈബ് മലക്കാര്‍, ആബിദ് എന്നിവരുടെ ഗാനമേള അടക്കമുള്ള കലാ പരിപാടികളും സംഘടിപ്പിച്ചു. രോഷ്നി മഹേഷ്, നേഹ പുഷ്പരാജ് എന്നിവർ അവതാരകരായി.
പരിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത്, സതീഷ് കുമാര്‍ വളവില്‍,സിംനേഷ് വയനാൻ എന്നിവർ പ്രവർത്തിച്ചു.
ജ്വാല 2026 സംഘാടക സമിതി കൺവീനർ ദീപ രാജൻ, ചെയർപേഴ്സൺ വി.എസ്. സജീന, ട്രഷറർ ഗീത ജയരാജ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീനാ സെബിൻ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, വോളണ്ടിയർമാരായി കേളി പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.